പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Saturday, August 18, 2007

ബാദ്ധ്യത ആര്‍ക്ക്‌ ?

മനോരമ ന്യൂസില്‍ ഇന്നു രാത്രി നടന്ന മാദ്ധ്യമ സംവാദത്തില്‍ രസകരമായ ഒരു വസ്തുത ഉയര്‍ന്നു വന്നു. മാദ്ധ്യമങ്ങള്‍ എന്തു കൊണ്ട്‌ പോസീറ്റീവ്‌ ന്യൂസിനു പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ? അതിനു മറുപടിയായി മാതൃഭൂമി മുന്‍ പത്രാധിപര്‍ വി പി രാമചന്ദ്രന്‍ പറഞ്ഞ മറുപടി തികച്ചും ബാലിശമായി പുഷ്ക്കരനു തോന്നി. അദ്ദേഹം പറഞ്ഞത്‌ പോസീറ്റീവ്‌ ന്യുൂസിനു ആവശ്യക്കാരില്ല എന്നാണ്‌. അതിനു ഉദാഹരണമായി പറഞ്ഞത്‌ ഫാമിലി പ്ലാനിംഗിനെക്കുറിച്ച്‌ ലേഖനം കൊടുത്താല്‍ വായനക്കാരില്ല എന്ന്. അതിനെ വഷളാക്കി കൊടുത്താല്‍ വായനക്കാരേറുമത്രെ. മാതൃഭൂമിയുടെ ശ്രീ എന്‍ പി രാജേന്ദ്രന്റെ വാദവും അതുപോലെ ഒന്നായിരുന്നു. പോസിറ്റീവ്‌ ന്യൂസിനു ആവശ്യക്കാരുണ്ടെങ്കില്‍ എന്തു കൊണ്ടു ദൂരദര്‍ശനു പ്രേക്ഷകര്‍ കുറയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം ?

പക്ഷെ സര്‍, ഇതല്ല ഞങ്ങള്‍ ആഗ്രഹിക്കുന്ന പോസീറ്റീവ്‌ ന്യൂസ്‌. നാടിന്റെ വികസനത്തിന്റെ അജന്‍ഡ എന്തു കൊണ്ട്‌ നിങ്ങളുടെ നേതൃത്വത്തിലുള്ള മാദ്ധ്യമത്തിനു ഏറ്റേടുത്തുകൂട.. ? അല്ലാതെ മോറല്‍ സയന്‍സ്‌ പഠിപ്പിക്കില്ലല്ല ഞങ്ങള്‍ ആഗ്രഹിക്കുന്ന പോസിറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌... ഒരു ഉദാഹരണം പറയാം. കേരളത്തിന്റെ വികസനത്തിനു ഏറ്റവും സാദ്ധ്യതയുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി. ഏതു മുന്‍നിര പത്രം ആണ്‌ ഇതിനെ ആര്‍ജ്ജവത്തോടെ ഏറ്റെടുത്തത്‌ ? വിഴിഞ്ഞത്തിനു വേണ്ടി ഏറ്റവും വാചാലമായത്‌ എന്‍.ടി. വി. എന്ന മാദ്ധ്യമസ്ഥാപനം മാത്രമാണ്‌. ഇതു ഇന്നും അവരുടെ പ്രിന്റ്‌ മാഗസിനായ മാവേലിനാടിലൂടെ സജീവമായി നില്‍ക്കുന്നു. മാതൃഭൂമിയും മനോരമയും പോലുള്ള അതികായന്മാര്‍ ഇതിനെ തമസ്കരിക്കുന്നു.

എന്നിട്ടു ഒരു ലൊട്ടുലൊടുക്ക്‌ ന്യായവും. വഷളന്‍ ന്യൂസിനാണ്‌ ആവശ്യക്കാര്‍ എന്ന്.... കഷ്ടം തന്നെ... രാഷ്ട്രീയക്കാരുടെ ചെളിവാരിയ്യെറിയലിനു ന്യൂസ്പ്രിന്റും എയര്‍ ടൈമും മാറ്റിവെയ്ക്കുന്ന ഇത്തരം മാദ്ധ്യമങ്ങള്‍ക്കു ബാദ്ധ്യത ജനങ്ങളോടല്ല.. ഇവര്‍ ജനങ്ങള്‍ക്കു ഒരു ബാദ്ധ്യത ആണ്‌.

Wednesday, August 15, 2007

സ്വാതന്ത്ര്യം

ഇപ്പോള്‍ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം എന്താണ്‌ ? പുഷ്ക്കരന്‍ ചങ്ങാതിയോട്‌ ഒരു മണ്ടന്‍ ചോദ്യം ചോദിച്ചു. ദേശീയ പതാക പാറിച്ചുകൊണ്ട്‌ ഓടുന്ന വാഹങ്ങളെയും പല സൈസിലുള്ള പതാക വില്‍ക്കുന്ന വഴി വാണിഭക്കാരെയും ചൂണ്ടികാണിച്ചുകൊണ്ട്‌ ചങ്ങാതി പറഞ്ഞു. "ഇതു തന്നെ".

നമ്മുടെ ദേശീയതയുടെ മുഖ്യ അടയാളമായ ത്രിവര്‍ണ്ണപതാക കൈയ്യില്‍ വെയ്ക്കാനും വാഹനത്തില്‍ വെയ്ക്കാനുമുള്ള സ്വതന്ത്ര്യം ഓരോ പൗരനും കിട്ടുന്ന ദിവസം.

സ്വാതന്ത്ര്യ ദിനാഘോഷത്തിനായി പൗരന്മാരെ സ്റ്റേഡിയത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ കുറിപ്പ്‌ കണ്ടു. സുരക്ഷാകാരണങ്ങളാല്‍ മൊബൈല്‍ ഫോണ്‍, ക്യാമറ, കുട, ബാഗ്‌ മുതലായ വസ്തുക്കള്‍ അകത്തേക്കു പ്രവേശിപ്പിക്കുന്നതല്ല. ഭേഷ്‌, ഇത്രയും കാണുമ്പോള്‍ അവനവന്റെ വീട്ടില്‍ ആഘോഷിക്കുന്നതല്ലെ നല്ലത്‌ എന്നു ജനം ചിന്തിച്ചാല്‍ തെറ്റ്‌ പറയാനാകില്ല.

സ്വതന്ത്രമായി ആരേയും ഭയക്കാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഒരു കാലം ഇനി നമുക്കുണ്ടാകുമോ?

Sunday, August 12, 2007

ലജ്ജ

തസ്ലീമ നസ്രീന്‍ ഹൈദരബാദില്‍ പങ്കെടുത്ത ഒരു ചടങ്ങ്‌ അലങ്കോലപ്പെടുത്തി അവരെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു പറ്റം ജനപ്രതിനിധികളെ കണ്ട്‌ ലജ്ജിച്ചുപോയി. അതു ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതല്ലാതെ അവരെ തടയാന്‍ ആരും മുന്നോട്ടു വരുന്നതായി കണ്ടില്ല. (പുഷ്ക്കരനും ടിവിയില്‍ കണ്ട അറിവേ ഉള്ളു. സംഭവത്തിനു ദൃക്‌സാക്ഷിയല്ല.)

ഈ പറഞ്ഞ ജനപ്രതിനിധികള്‍ യാതൊരു ശിക്ഷയും കിട്ടാതെ രക്ഷപ്പെടും എന്നുള്ളത്‌ മൂന്നു തരം. പക്ഷെ എന്നാലും ഒരു സഹജീവിയെ മുന്നില്‍ ഇട്ട്‌ ആക്രമിക്കുന്നത്‌ കണ്ടിട്ടും പ്രതികരിക്കാതെ കണ്ടു നില്‍ക്കാന്‍ നമുക്കു എങ്ങനെ കഴിയുന്നു ?

ഇത്രയും രോഷം കൊണ്ട പുഷ്ക്കരനു ഇതുപോലെ ഒരു സംഭവത്തിനു സാക്ഷിയാകേണ്ടി വന്നു. കഴിഞ്ഞ ദിവസം ഓഫിസില്‍ നിന്നും വാനില്‍ മടങ്ങുന്ന സമയം. ക്വാളിസ്‌ വാനില്‍ ഞങ്ങള്‍ അഞ്ചുപേരുണ്ട്‌. ബാംഗ്ലൂരില്‍ ഉള്ളവര്‍ക്കറിയാം ഇങ്ങനെ ഓഫീസ്‌ ആവശ്യങ്ങള്‍ക്കു വേണ്ടി ഓടുന്ന ക്യാബ്‌ ഡ്രൈവര്‍മാരുടെ പരാക്രമം. എങ്കിലും ഉള്ളത്‌ പറയണമല്ലോ, ഞങ്ങളുടെ സാരഥി കൂട്ടത്തില്‍ ഭേദമായിരുന്നു. റിംഗ്‌ റോഡില്‍ കടന്ന സമയം, ഒരു ആക്സന്റ്‌ കാര്‍ പുറകില്‍ നിന്നു ചീറിപ്പാഞ്ഞ്‌ വന്ന് ഞങ്ങളെ കടന്നുപോയി. സാരഥിയ്ക്കത്‌ വലിയ ക്ഷീണമായി. അടുത്ത അവസരത്തില്‍ ഈ കാര്‍ ഞങ്ങളുടെ പുറകില്‍ ആയപ്പോള്‍, ഓവര്‍ടേക്ക്‌ ചെയ്യാന്‍ സമ്മതിക്കാതെ അയാള്‍ സ്മാര്‍ട്ട്‌ ആയി. ഇത്രയും ഓ.കെ. സ്കോര്‍ 1-1.

എന്നാല്‍ ഇനിയാണ്‌ കഥയുടെ ആന്റി-ക്ലൈമാക്സ്‌. അടുത്ത തവണ ഞങ്ങളെ ഓവര്‍ടേക്ക്‌ ചെയ്ത കാര്‍, ഞങ്ങളുടെ വഴി തടഞ്ഞു മുന്നില്‍ നിര്‍ത്തി. കാറില്‍ നിന്നു ഒരു ചെറുപ്പക്കാരനും ഒരു അറുപതു വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരു തടിയനും ഇറങ്ങി. ഞങ്ങളുടെ ഡ്രൈവറോട്‌ കയര്‍ക്കാന്‍ വന്നു (പുഷ്ക്കരനു കന്നഡ അറിയില്ല. പക്ഷെ തെറിയ്ക്കു ഭാഷ ഇല്ലല്ലോ). സംഭവം വഷളാകുമെന്നു കണ്ട ഞങ്ങളുടെ ഡ്രൈവര്‍ മാപ്പു പറഞ്ഞു. പെട്ടെന്നു ആ തടിയന്‍ ഡ്രൈവറുടെ മുഖത്തു മുഷ്ടി ചുരുട്ടി ഇടിച്ചു. തടിയനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ആ ചെറുപ്പക്കാരനും തുടങ്ങി കലാപരിപാടി. അഞ്ചു പേര്‍ വാനില്‍ ഉള്ളില്‍ സ്തബ്ധരായി ഇരിക്കുന്നു. ഒന്നും മിണ്ടാതെ.

അവര്‍ കൈക്കഴപ്പ്‌ തീര്‍ത്തു കാറില്‍ കയറി പോയി. ഇനി കണ്ടാല്‍ കാല്‍ തല്ലിയൊടിക്കുമെന്നും, നിനക്ക്‌ ഞങ്ങളെ ശരിക്ക്‌ അറിയില്ല എന്നുമൊക്കെ ഭീഷണിയും. ബാംഗ്ലൂരിലെ ട്രാഫികില്‍ നിത്യവുമുണ്ടാകുന്ന സംഭവങ്ങളില്‍ ഒന്ന്. എന്നാലും ഒന്നു മാത്രം പുഷ്ക്കരനു തോന്നി. ഒരു സഹജീവിയെ തല്ലുന്നത്‌ കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന തന്നോട്‌ തന്നെ ലജ്ജ.......

Wednesday, August 01, 2007

നാമെന്താ ഇങ്ങനെ ?

രാത്രി എട്ടരയോടെ ഏഷ്യാനെറ്റില്‍ തുടങ്ങുന്ന ഒരു പരിപാടിയുണ്ട്‌. പാടാന്‍ ശരാശരി കഴിവു പോലുമില്ലാത്തവര്‍ വലിയ വായില്‍ നിലവിളിക്കുന്നു (ഒരു ഉദാഹരണം - ഇന്നു "ക്രേസി കിയ രേ" എന്ന പാട്ടുപാടി ഉഡാന്‍സ്‌ കളിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി). നിലവിളിക്കുന്ന കുട്ടീകളുടെ അച്ഛനമ്മമാര്‍ കാഴ്ചക്കാരുടെ കൂടെ ഇരുന്നു പ്രാര്‍ഥിക്കുന്നു. പിന്നെ ജഡ്ജസിന്റെ "കൊമ്മെന്റ്സ്‌" കേട്ട്‌ നിര്‍വൃതികൊള്ളുന്നു. ഇതെല്ലാം കാണുമ്പോള്‍ "അശ്ലീലം" എന്നാണ്‌ പുഷ്ക്കരന്‌ പറയാന്‍ തോന്നുന്നത്‌.

ഇങ്ങനെ മനസ്സ്‌ മടുത്തു ചാനല്‍ മാറ്റി, വേറിട്ട്‌ നില്‍ക്കുന്ന ചാനലിലെത്തിയപ്പോള്‍ , ദേ വരുന്നു ഒരു സസ്പെന്‍സ്‌ ത്രില്ലര്‍. ഡോണിന്റെ പശ്ചാത്തലസംഗീതം ഒക്കെ ഇട്ട്‌ ഇന്നത്തെ വിവാദപുരുഷനെ അവതരിപ്പിക്കുന്നു. ശ്രീമാന്‍ ഫാരിസ്‌ അബൂബക്കര്‍ ഏതായാലും കൈരളിയ്ക്ക്‌ ടി.ആര്‍. പി കൂട്ടാന്‍ പറ്റിയ ഒരു ആള്‍ തന്നെ. അദ്ദേഹത്തിന്റെ പല ഡയലോഗും കേട്ടപ്പോള്‍ പുഷ്ക്കരന്‌ അഴകിയ രാവണനിലെ മമ്മൂട്ടിയെയാണ്‌ ഓര്‍മ്മ വന്നത്‌. ഫാരിസ്‌ ഒരു വേദനിക്കുന്ന കോടീശ്വരന്‍. സാമ്പിള്‍ :- ഞാനും അമിതാഭ്‌ ബച്ചനും ഒരുമിച്ചു ലണ്ടന്‍-ന്യുയോര്‍ക്ക്‌ വിമാനത്തില്‍ ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ട്‌. ഞാന്‍ വെറുതെ ഇങ്ങനെ കൈ വീശി അഭിവാദ്യം ചെയ്തതെ ഉള്ളൂ... - (എഴുതിയപ്പോള്‍ പുഷ്ക്കരനു ഇതു അത്ര ഫലിപ്പിക്കാന്‍ പറ്റിയില്ല. അത്ര കേമമായിരുന്നു ഫാരിസിന്റെ പ്രകടനം.)

ബ്രിട്ടാസും മോശമല്ല. പരിപാടി മിക്കവാറും ഈ വര്‍ഷത്തെ ഏറ്റവും മികച്ച കോമഡിക്കുള്ള അവാര്‍ഡും കൊണ്ട്‌ പോകും. കോട്ടയം നസീറും ടിനി ടോമുമൊക്കെ സൂക്ഷിക്കുന്നത്‌ നന്ന്.

ഇന്നു കാണാത്തവര്‍ വിഷമിക്കേണ്ട. ത്രില്ലര്‍ നാളെയും തുടരും. ഏതായാലും സീരിയലുകള്‍ പച്ച പിടിക്കാത്ത കൈരളിയ്ക്കു ഇത്തരം സ്ടേജ്‌ മാനേജ്ഡ്‌ പരിപാടികള്‍ ഗുണം ചെയ്യും.

ഇത്രയും കണ്ടു കഴിഞ്ഞപ്പോള്‍ പുഷ്ക്കരനു ചെവിയില്‍ ഒരു ചെമ്പരത്തിപ്പൂ ചൂടി വഴിയില്‍ കൂടി ഓടാന്‍ തോന്നുന്നു. ഇതൊക്കെയാണോ മാദ്ധ്യമങ്ങളില്‍ നിന്നു നമുക്കു വേണ്ടത്‌ ?