പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Tuesday, December 05, 2006

ക്യാപ്റ്റന്‍ ഗോപിനാഥിന്റെ കടുംകൈ

അതെ എയര്‍ ഡെക്കാന്റെ ക്യാപ്റ്റന്‍ തന്നെ, ഇന്ത്യയിലെ ആദ്യത്തെ ചിലവു കുറഞ്ഞ എയര്‍ലൈന്‍സ്‌ തുടങ്ങി ഭാരതീയരെ മുഴുവന്‍ പറക്കാന്‍ പ്രേരിപ്പിച്ച ക്യാപ്റ്റന്‍.

പുഷ്ക്കരന്റെ പരിചയത്തില്‍ ഒരാള്‍ക്കുണ്ടായ അനുഭവമാണ്‌. എയര്‍ ഡെക്കാന്റെ വെബ്‌ സൈറ്റില്‍ക്കൂടി അദ്ദേഹം നാട്ടിലേക്കു പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ ശ്രമിച്ചു . ബാങ്കിന്റെ സൈറ്റില്‍ നിന്നു പൈസ ക്യാപ്റ്റന്റെ അക്കൗണ്ടിലേക്കു മാറ്റി കഴിഞ്ഞ്‌ തിരിച്ചു ഡെക്കാന്റെ സൈറ്റില്‍ ചെന്നപ്പോള്‍, ദേ കിടക്കുന്നു ഇടിത്തീ.

This page cannot be displayed

സെര്‍വര്‍ ഡൗണ്‍...

ഉടനെത്തന്നെ ചങ്ങാതി ഡെക്കാന്റെ കോള്‍ സെന്ററിലേക്കു വിളിച്ചു. കിളിനാദത്തിനോടു കാര്യം പറഞ്ഞു മനസ്സിലാക്കി. ഉടനെ തന്നെ ഓഫര്‍ വന്നു. ഞാന്‍ വേറെ ടിക്കറ്റു ബുക്ക്‌ ചെയ്തു തരട്ടെ..

ചങ്ങാതി പറഞ്ഞു, വേണ്ട, എന്റെ കാശു തിരിച്ചു തന്നാല്‍ മതി.

കിളിനാദം വിടുന്നില്ല... ചിത്രം സിനിമയിലെ മോഹന്‍ലാലിനെ പോലെ, "ടിക്കറ്റ്‌ എടുക്കാന്‍ വൈകിയാല്‍ വേറെ ആളുകള്‍ ടിക്കറ്റ്‌ എടുത്തുകൊണ്ടു പോയാല്‍ നിങ്ങള്‍ക്കു കൂടുതല്‍ പൈസ ആകും. ഇപ്പോള്‍ ഞാന്‍ അതേ വിലയ്ക്കു എടുത്തു തരാം. "

ചങ്ങാതി പറഞ്ഞു, വേണ്ട സഹോദരി, എന്റെ കാശ്‌ തിരിച്ചു തന്നാല്‍ മതി.

കുറേ നേരം തറപ്പിച്ചും ഉറപ്പിച്ചും പറഞ്ഞപ്പോള്‍ കിളിനാദം ഉപദേശം തന്നു. കാശു തിരിച്ചു വേണമെങ്കില്‍ എന്നെ വിളിച്ചിട്ടു കാര്യമില്ല. ഇനി കാന്‍സലേഷന്‍ സെക്ഷനില്‍ വിളിക്കണം.

ചങ്ങാതി അവിടെ ഫോണില്‍ വിളിക്കുമ്പോള്‍ അടുത്ത ഉപദേശം കിട്ടി. മെഗാസീരിയലുകള്‍ മാതിരി, തിങ്കള്‍ മുതല്‍ വെള്ളിവരെ 9 തൊട്ടു 5 വരെ മാത്രമെ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളു.
ചങ്ങാതി പണ്ടേ പ്രയത്നശാലിയാണ്‌. 5 നാളത്തെ കഠിനപ്രയത്നത്തിനു ശേഷം ഒരു നാള്‍ ഒരു മനുഷ്യസ്വരം ഫോണിന്റെ മറ്റേ തലയ്ക്കല്‍ കേട്ടു. ആവശ്യം അറിയിച്ചു. രാഷ്ട്രീയക്കാരെ പോലെ നോക്കാം, പരിഗണിക്കാം, രണ്ടു ദിവസം കഴിഞ്ഞു വിളിക്കൂ... എന്നൊക്കെ ഒരു മാന്യന്‍ പറഞ്ഞു.

എന്തിനേറെ പറയുന്നു. ഒടുവില്‍ ഒരു നാള്‍ ബാങ്ക്‌ അക്കൗണ്ടിലേക്കു പൈസ വന്നു. ചങ്ങാതി നോക്കുമ്പോള്‍ അന്നേക്കു കൃത്യം രണ്ട്‌ മാസം കഴിഞ്ഞിരിക്കുന്നു.

ഇത്രയും സൗകര്യം ചെയ്തു തന്നിട്ടും ഇങ്ങനെ ഒക്കെ പരാതി പറയാമോ പുഷ്ക്കരാ, വെബ്‌ സെര്‍വര്‍ ഡൗണ്‍ ആകുന്നതൊക്കെ സാധാരണമല്ലെ എന്നാണൊ ചോദിക്കാന്‍ വരുന്നത്‌.

പുഷ്കരനു ഒന്നെ പറയാനുള്ളു. റയില്‍വെക്കുമുണ്ടല്ലൊ ഈ ഇന്റര്‍നെറ്റ്‌ ടിക്കറ്റ്‌. അവിടെ ഇങ്ങനെ എന്തെങ്കിലും പറ്റിയാല്‍ നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ പൈസ തിരികെ എത്തും. ഒരു ഫോണ്‍കോളും വേണ്ട...

അപ്പോള്‍ വേണമെന്നു വെച്ചാല്‍ ചക്ക ......

1 Comments:

Blogger Ganesh-Iyer said...

It is absolutely right. Indian Railway is very good in that matter. I faced a similar problem with airtel and I got the money back after two months!

Tuesday, December 19, 2006 2:10:00 PM  

Post a Comment

<< Home