പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, December 31, 2006

കെ. ഇ. എന്നിനു സ്നേഹപൂര്‍വം

ഒടുവില്‍ പുഷ്കരന്‌ ആ മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടി. കെ. ഇ. എന്നിന്റെ കാള, കാളന്‍ പരാമര്‍ശമുള്ള ലക്കം.

കെ.ഇ.എന്നിന്റെ അഭിപ്രായത്തില്‍ ഓണത്തിനെ സെകുലര്‍ (കാര്‍ഷികോത്സവം) ആക്കി മാറ്റുന്നതിനെക്കാള്‍ നല്ലത്‌ റിപ്പബ്ലിക്‌ ദിനാഘോഷത്തിനെ ഒരു പ്രധാന ആഘോഷമാക്കി അവതരിപ്പിക്കുന്നതാണ്‌. വളരെ നല്ലത്‌. ഇതിനു ആദ്യം വേണ്ടത്‌ എന്താണെന്നൊ? ഓണത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ബോണസും ഉത്സവബത്തയും പകരം റിപ്പബ്ലിക്‌ ദിനത്തിനാക്കുക. ഇടതുപക്ഷ സര്‍ക്കാര്‍ അല്ലെ ഇപ്പോള്‍ ഭരിക്കുന്നത്‌ ? കെ. ഇ. എന്നിനു എന്തുകൊണ്ടു ഈ വഴിക്കു ഒരു തുടക്കം കുറിച്ചുകൂടാ ?

അല്ലെങ്കിലും കേരളത്തില്‍ ഇപ്പോള്‍ ഓണം ഒരു മതപരവും സാംസ്കാരികവുമായ ആഘോഷത്തിനെക്കാളുപരി ഒരു ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ ആണ്‌. ചാനലുകളും സ്വര്‍ണ്ണകടക്കാരും തുണികടക്കാരുമല്ലെ കേരളീയരെക്കൊണ്ടു ഓണം ആഘോഷിപ്പിക്കുന്നത്‌ ? യഥാര്‍ത്ഥത്തില്‍ ഇവരല്ലെ ഫാസിസ്റ്റുകള്‍ ? ഇവരോടു പറയൂ ഇത്തരം പരസ്യങ്ങളും വിലക്കിഴിവും റിപ്പബ്ലിക്‌ ദിനത്തിനു നല്‍കാന്‍.

"ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വണ്ണാനും ക്രിസ്ത്യാനിയും മുസ്ലീമും മറ്റും അഹിന്ദുക്കളാണ്‌. (കെ. മുകുന്ദന്‍ - ദളിത്‌ വോയസ്‌ 96)" - പുഷ്കരന്‍ ഇങ്ങനെ ഒരു വാദം ആദ്യമായി കേല്‍ക്കുകയാണ്‌. ശരിയെന്നു സമ്മതിക്കാം. കാരണം പുഷ്ക്കരന്റെ അറിവു പരിമിതമാണ്‌. അപ്പോള്‍ നായരും നമ്പൂതിരിയും ക്ഷത്രിയനും മാത്രമെ ഉള്ളോ ഹിന്ദുക്കള്‍. (ഇവര്‍ക്കു ഉപവിഭാഗങ്ങളുണ്ട്‌, വിസ്താരഭയം മൂലം പുഷ്ക്കരന്‍ ഒരു റെപ്രസെന്റേറ്റിവ്‌ സാമ്പ്ലിംഗ്‌ നടത്തിയതാണ്‌. ക്ഷമിക്കുക.)
അങ്ങനെ എങ്കില്‍ പുഷ്ക്കരനു ഒരു സംശയം. ആര്‍ക്കുവേണ്ടിയാണ്‌ ക്ഷേത്രപ്രവേശനം വേണമെന്നു പറഞ്ഞു സത്യാഗ്രഹം നടത്തിയത്‌ ? പുലയനും പറയനും ആശാരിയും മറ്റും ഹിന്ദുക്കളല്ലെങ്കില്‍ അവര്‍ക്കു എന്തിനാണ്‌ മാഷെ ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ പ്രവേശനം ? പുഷ്ക്കരനു വീണ്ടും കണ്‍ഫൂഷന്‍...

"മണ്ണിന്റെ മക്കളെ അടിമാക്കളാക്കിയതിന്റെ ചരിത്രം പറയുന്ന ഓണാഘോഷം." എന്താ ഇതു ? ഏതു ചരിത്രമാണ്‌ ഇവിടെ റഫര്‍ ചെയ്യുന്നത്‌. പുഷ്കരനു അറിയവുന്ന ചരിത്രം അല്ലെങ്കില്‍ മിത്ത്‌ മാവേലി പാതാളത്തില്‍ നിന്നും പ്രജകളെ സന്ദര്‍ശിക്കാന്‍ വരുന്നതാണ്‌. അല്ലാതെ മാവേലിയെ ചവിട്ടിതാഴ്ത്തിയതിന്റെ അന്നാണൊ ഓണം ?

അല്ല ഇപ്പോളും പുഷ്ക്കരനു മനസ്സിലാക്കാത്തത്‌ കെ.ഇ.എന്നിന്റെ സ്വാതന്ത്ര്യം കേരളത്തില്‍ ആരു കവര്‍ന്നു എന്നതാണ്‌ ? ഒരു ചെറുന്യൂനപക്ഷം ഹിന്ദു തീവ്രവദികളല്ലാതെ ആരും ഇത്തരം ആചാരങ്ങളില്‍ ശാഠ്യം പിടിക്കില്ല. മഹാഭൂരിപക്ഷം വരുന്ന അല്ലാത്തവര്‍ക്കു ദൈനംദിന ജീവിതത്തിന്റെ പങ്കപ്പാടുകളില്‍ കവിഞ്ഞു ഒരു പ്രത്യയശാസ്ത്രം പോലുമില്ല. അവര്‍ ആരും കെ.ഇ.എന്‍ തുളസിക്കു വലം വെക്കണമെന്നോ കാളയെ തിന്നരുതെന്നോ പറയാന്‍ വരുന്നില്ല. പിന്നെ അവര്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ (തുളസിയെ വലംവെക്കലും, കാളയെ തിന്നതിരിക്കലും) അതിനെ അവരുടെ സ്വാതന്ത്യമായി കണ്ടുകൂടെ ? അവര്‍ക്കു അവരുടെ വഴി, നിങ്ങള്‍ക്കു നിങ്ങളുടെയും എന്ന ലൈന്‍....

കേരളത്തില്‍ ഇതിനെക്കാളും രൂക്ഷമായ സാമൂഹികപ്രശങ്ങളില്ലെ ? സമരം ചെയ്യാനുള്ള അവകാശം പോലെ ജനസാമാന്യത്തിനു വഴി നടക്കാനും അവകാശമില്ലെ ? അല്ലാ.. ഈ ഹര്‍ത്താലുകള്‍ കൊണ്ടു വഴിയില്‍ അലഞ്ഞുപോകുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ത്തു പറഞ്ഞുപോയതാണ്‌. ഇന്നും മറുനാട്ടില്‍ കേരളീയന്‍ എന്നു പറയുമ്പോള്‍ ലജ്ജ തോന്നുന്ന ഒരു സന്ദര്‍ഭമാണ്‌. പ്രതിഷേധിക്കാം പക്ഷെ, മറ്റുള്ളവന്റെ വയറ്റുപിഴപ്പിനെ നിഷേധിച്ചിട്ടു വേണോ അത്‌ ?

അതുപോലെ കേരളത്തില്‍ ഒരു മെച്ചപ്പെട്ട തൊഴില്‍ സംസ്ക്കാരത്തിനു പ്രവര്‍ത്തിച്ചൂകൂടെ ? അതുണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ഇതില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉണ്ടായേനെ. നമ്മുടെ യുവജനങ്ങള്‍ക്കു കേരളത്തില്‍ തന്നെ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകുമായിരുന്നു.

പിന്നെ കേരളത്തിന്റെ ജനസാമാന്യത്തെ ഉപഭോഗ സംസ്കാരത്തിന്റെ നീരാളിപ്പിടിത്തതില്‍ തളച്ചിട്ട പരസ്യക്കാരെയും മാദ്ധ്യമങ്ങളെയും കുറിച്ച്‌ അങ്ങേയ്ക്കു ഒന്നും പറയാനില്ലെ ? അവനവന്റെ കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്നു ജനത്തിനെ ഉപദേശിച്ചുകൂടെ ? കളര്‍ ടി,വി യില്ലെങ്കിലും 916 സ്വര്‍ണ്ണം വാങ്ങിയില്ലെങ്കിലും ഒരു പ്രശ്നവുമില്ല, വീട്ടീല്‍ സമാധാനം ഉണ്ടായാല്‍ മതി എന്നൊന്നു പറഞ്ഞുകൂടെ ? കുറെ ആത്മഹത്യകള്‍ എങ്കിലും ഒഴിവാക്കാമല്ലോ ? ഇവിടെയൊക്കെയല്ലെ പ്രത്യയശാസ്ത്രം ഉപകരിക്കേണ്ടത്‌ ? ഇതിനേയും സാമ്രാജ്യത്വ ശക്തികളുടെ അജണ്ട എന്നു ഒരു അഴകൊഴമ്പന്‍ വാദത്തിലൊതുക്കാതെ മറികടക്കാനുള്ള വഴി പ്രത്യയശാസ്ത്രത്തിന്റെ ഏടുകളില്‍ നിന്നു എടുത്തെ മതിയാകൂ. അല്ലാതെ ആരും ഓര്‍ക്കാത്ത കുറെ ആചാരങ്ങളെ വീണ്ടും ജനമധ്യത്തില്‍ കൊണ്ടു വന്നിട്ട്‌ വിഴുപ്പലക്കണമോ ? ഇങ്ങനെ ചെയ്യുമ്പോള്‍ നാം മുന്നോട്ടാണൊ പോകുന്നത്‌ എന്നു കൂടി ചിന്തിക്കണം.. പുഷ്കരന്‌ ഇതിനെ ഒരു മാതിരി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന എര്‍പ്പാടായെ കാണുന്നുള്ളൂ.

ശ്രീ. കെ. ഇ. എന്‍. മേല്‍പ്പറഞ്ഞ സാമൂഹികപ്രശ്നങ്ങള്‍ക്കു നേരെ തന്റെ പ്രത്യയശാസ്ത്രത്തിന്റെ വാളുമേന്തി പട നയിച്ചെങ്കില്‍ എന്നും ആശിച്ചുപോകുന്നു.......

വാല്‍കഷണം - ഇതേ ലക്കം മാതൃഭൂമിയില്‍ തന്നെ (2006 നവം 12) എന്‍. പി. ഹാഫിസ്‌ മുഹമ്മദിന്റെ ഒരു ലേഖനമുണ്ട്‌. മുസ്ലിമിനു ഒാണസദ്യ നിഷിദ്ധമോ ? എന്ന തലക്കെട്ടില്‍. വളരെയധികം സെന്‍സിബിള്‍ ആയി തോന്നി. അദ്ദേഹത്തിന്റെ ആശങ്കകളില്‍ പുഷ്കരനും പങ്കുചേരുന്നു. സ്വൈര്യജീവിതം ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ പക്ഷത്തു പുഷ്കരനും നിലയുറപ്പിക്കുന്നു.

1 Comments:

Blogger Salil said...

പുഷ്കരാ .. കേരളത്തില്‍ ഇന്ന് ഏറ്റവും മാര്‍ക്കറ്റ്‌ വിവാദ വ്യവസായത്തിനാണ്‌ .. നല്ല സംവാദങ്ങള്‍ ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്‌. എന്നാല്‍ വിവാദങ്ങള്‍ മാത്രം ഉണ്ടാക്കുന്ന സമൂഹം രോഗാതുരമാണ്‌ .. ലക്ഷ്യബോധമില്ലാത്ത പ്രത്യയശാസ്ത്രക്കാര്‍ അതും ഇതും പറഞ്ഞ്‌ അലക്കിക്കൊണ്ടിരിക്കുന്നു .. മറ്റൊന്നും പറയാനില്ലാത്ത മാധ്യമങ്ങള്‍ ഇതൊക്കെ ആണ്‌ വലിയ കാര്യങ്ങള്‍ എന്ന് ജനത്തെ ബോധിപ്പിക്കാന്‍ നോക്കുന്നു .. ഇങ്ങനെ കുഴഞ്ഞ്‌ മറിഞ്ഞിരിക്കുന്ന സമൂഹത്തില്‍ ഇതൊക്കെ തന്നെയേ നടക്കൂ ..

Tuesday, January 02, 2007 5:32:00 PM  

Post a Comment

<< Home