പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Thursday, June 07, 2007

സ്മാര്‍ട്ട്‌ സിറ്റിയും സ്മാര്‍ട്ട്‌ ബുദ്ധിയും

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ട്‌ എല്ലാവരും സ്മാര്‍ട്ടായി നടക്കുന്നത്‌ കണ്ടപ്പോള്‍ പുഷ്ക്കരന്‌ എന്തെന്നില്ലാത്ത സന്തോഷം. അങ്ങനെയെങ്കിലും സ്വാശ്രയവും നിരാശ്രയവുമൊക്കെയായി എഞ്ചീനീയറിംഗ്‌ അഭ്യാസം കഴിഞ്ഞിറങ്ങുന്ന യുവജനങ്ങള്‍ക്ക്‌ കേരളത്തില്‍ തന്നെ ഒരു ജോലി സാദ്ധ്യത ഉണ്ടായല്ലോ....


ഇന്ന് ശ്രീമാന്‍ ലീഡറുടെ ഒരു പ്രസ്താവന കണ്ടപ്പോളാണ്‌ സ്മാര്‍ട്ട്‌ സിറ്റിക്കു ഇങ്ങനെയുമൊരു ഗുട്ടന്‍സുണ്ടെന്നു മനസ്സിലായത്‌. ലീഡറുടെ കമന്റ്‌ ഇങ്ങനെ "സ്മാര്‍ട്ട്‌ സിറ്റിയില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ കേരളീയര്‍ക്കു മാത്രം എന്ന വ്യവസ്ഥ ഇല്ല".

കൊച്ചിയില്‍ വരുന്ന മൈക്രോസോഫ്റ്റിലും, ഐ. ബി. എമ്മിലും ഒക്കെ മലയാളികള്‍ മാത്രം പണിയെടുക്കാവൂ എന്ന അവസ്ഥ ഉണ്ടെങ്കില്‍ ഇവര്‍ കൊച്ചിയില്‍ വരുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ കരുതുന്ന "സുന്ദര വിഡ്ഢികള്‍ക്കു" പുഷ്കരന്‍ പിണറായി സ്റ്റൈല്‍ ഒരു നല്ല നമസ്കാരം പറയുന്നു.... (പുഷ്കരനു ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ശൈലിയാണ്‌ ഇത്‌... സ്ഥാനത്തും അസ്ഥാനത്തും ഒക്കെ കയറി അങ്ങു പ്രയോഗിക്കും.... )

ഇങ്ങനെ ഒരു നിബന്ധന മറ്റ്‌ സംസ്ഥാനങ്ങള്‍ വെച്ചാല്‍ ബാംഗ്ലൂരില്‍നിന്നും ഹൈദരാബാദില്‍ നിന്നും ഒക്കെ ഒരു പലായനം തന്നെ ഉണ്ടാകും, മലയാളികളുടെ....

പുഷ്ക്കരന്‍ നോക്കുമ്പോള്‍ ഇതില്‍ ഒരു ചെറിയ കുനഷ്ട്‌ ആണു കാണുന്നത്‌. ഇത്തരം ഒരു നിബന്ധനയുടെ വ്യര്‍ഥത മനസ്സിലാകത്തവരായി നമ്മുടെ ഒരു രാഷ്ട്രീയക്കാരനോ യുവജന സംഘടനയോ കാണില്ല്ല. പക്ഷെ ആരും ഇപ്പോള്‍ ഇതു തുറന്നു പറയില്ല. കുറെ കാലം കഴിയുമ്പോള്‍ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ ഇറക്കി സമരം ചെയ്യാനും കുറെ വണ്ടി തല്ലിപ്പോളിക്കാനും പറ്റിയ ഒരു വിഷയമല്ലെ... വെറുതെ ഇപ്പോഴെ ആ സാദ്ധ്യത കളയുന്നതെന്തിന്‌ ?

2 Comments:

Blogger സൂഫി said...

അതൊരു ഫാക്ടാണല്ലോ സുദീപേ..
അഥവാ അങ്ങനെയൊരു നിബന്ധന ഉണ്ടെങ്കില്‍ പ്പോലും കേരളത്തില്‍ ജോലി ചെയ്യാന്‍ മലയാളിക്കു വല്ലാത്ത ഒരു ദുരഭിമാനമുണ്ടെന്നുള്ളതാണ് ഒരു വാസ്തവം.
പിന്നെ കാലം കഴിയുമ്പോള്‍ കേരളത്തില്‍ സെറ്റില്‍ ചെയ്യാന്‍ എല്ലാവര്‍ക്കും താല്‍‍പ്പര്യമാണ് താനും

Friday, June 08, 2007 3:32:00 PM  
Blogger Sudeep said...

സൂഫി.... കമന്റിനു നന്ദി...

കേരളത്തില്‍ ജോലി ചെയ്യാന്‍ മലയാളിക്കു ദുരഭിമാനം തോന്നേണ്ട കാര്യമില്ല. കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ പാകത്തിലുള്ള തൊഴില്‍ അവസരങ്ങള്‍ ഇല്ല എന്നതല്ലെ സത്യം. പിന്നെ പുറത്തൊക്കെ ജോലി ചെയ്തു കിട്ടുന്ന പരിചയത്തില്‍ ഒരു നല്ല തൊഴില്‍ സംസകാരം കേരളത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലെ ?

Sunday, June 10, 2007 7:13:00 PM  

Post a Comment

Links to this post:

Create a Link

<< Home