പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Wednesday, November 01, 2006

ഐ ടി മേഖലയില്‍ ട്രേഡ്‌ യൂണിയനുകള്‍ വരവായി

അറിഞ്ഞില്ലേ ?

ഐ. ടി മേഖലയിലും ട്രേഡ്‌ യൂണിയനുകള്‍ വരാന്‍ പോകുന്നു. സി. ഐ. ടി. യു. പ്രസിഡന്റ്‌ ശ്രീമാന്‍ പാന്ഥെ പറഞ്ഞതാണ്‌ ഈ കാര്യം. ഇതു പക്ഷെ ഇന്നൊ ഇന്നലെയോ പറയാന്‍ തുടങ്ങിയതല്ലാ.
ദേ.. ഞങ്ങള്‍ തുടങ്ങാന്‍ പോണു.... തുടങ്ങീ... ബാംഗ്ലൂരില്‍ തുടങ്ങി (?) ... എന്നൊക്കെ രണ്ടായിരാമാണ്ട്‌ മുതല്‍ കേല്‍ക്കുന്നതാണ്‌ . പക്ഷെ പുഷ്ക്കരനു ഇഷ്ടപെട്ടത്‌ ട്രേഡ്‌ യൂണിയന്റെ ആവശ്യകത ബോധ്യപെടുത്താന്‍ പാന്ഥെ പറഞ്ഞ കാര്യങ്ങളാണ്‌.

നിശ്ചിത ജോലി സമയം ഇല്ല.
ജോലി സാഹചര്യങ്ങള്‍ അപര്യാപ്തമാണ്.
ചൂഷണം ... (ലൈംഗിക ചൂഷാണം ഉള്‍പ്പടെ).... സര്‍വ്വസാധാരാണമാണ്‌.
പന്ത്രണ്ടു മണിക്കൂര്‍ ഷിഫ്റ്റിലാണ് ഐ. ടി. മേഖല പ്രവര്‍ത്തിക്കുന്നത്‌.

ഐ. ടി മേഖലയിലെ പുഷ്ക്കരന്റെ പരിചയം കുറവായിരിക്കും. പക്ഷെ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പുഷ്ക്കരനു പരിചയമുള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി മനസ്സില്ലാക്കാന്‍ ശ്രമിച്ചു.

"നിശ്ചിത ജോലി സമയം ഇല്ല.... ", ഇതാണോ ഐ ടി മേഖലയിലെ തൊഴിലാളികള്‍ ആസ്വദിക്കുന്ന "flexible working time" ? എത്ര ഐ. ടി സുഹൃത്തുക്കള്‍ രാവിലെ 10:30നും 11:0നുമൊക്കെ ഓഫിസില്‍ എത്താറുണ്ട്‌ ..? ജോലിതിരക്കില്ലത്തപ്പോള്‍ അഞ്ചു മണിക്ക്‌ ഇറങ്ങാറില്ലെ ? ജോലിയുള്ളപ്പോള്‍ വൈകിയുമിരിക്കും. ശരി തന്നെ.... ഒരു ഫാക്ടറിയിലെ അന്തരീക്ഷം പോലെയല്ല ഐ. ടി മേഖലയിലെ ജോലി എന്നു മനസ്സിലാക്കേണ്ടതല്ലെ ?

"ജോലി സാഹചര്യങ്ങള്‍ അപര്യാപ്തമാണ്... " , എ. സി. മുറികളെ ആയിരിക്കണം അദ്ദേഹം ഉദ്ദേശിച്ചത്‌. !!

"ചൂഷണം ... (ലൈംഗിക ചൂഷാണം ഉള്‍പ്പടെ).... സര്‍വ്വസാധാരാണമാണ്‌... ", പുഷ്ക്കരന്‌ ഒന്നും പറയാനില്ല. ചിലപ്പോള്‍... ഒരു എരിവും പുളിയും കിട്ടാന്‍ പാന്ഥെ സാര്‍ പ്രയോഗിച്ചതാകും. എന്നാലും ഇങ്ങനെ അടച്ചാക്ഷേപിച്ചാല്‍ ??

"പന്ത്രണ്ടു മണിക്കൂര്‍ ഷിഫ്റ്റിലാണ് ഐ. ടി. മേഖല പ്രവര്‍ത്തിക്കുന്നത്‌... ", പുഷ്ക്കരന്റെ പരിചയത്തിലുള്ള ഒരാളും ഇതു ശരിയാണെന്ന്\പറഞ്ഞില്ല.

അപ്പോള്‍ ഇമ്മാതിരി കഷ്ടപ്പെടുന്ന ഐ. ടി സഹോദരരെ... സംഘടിക്കുവിന്‍ ....

പുഷ്ക്കരനു വേറെ ഒരു കാര്യം മനസ്സിലായി. 8 ലക്ഷം പേരുള്ള ഒരു മാര്‍ക്കറ്റിനെയാണ്‌ ഇവര്‍ കണ്ണുവെക്കുന്നത്‌. അതും എല്ലാം ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍. അപ്പോള്‍ ഒരു പിരിവിനു ഇറങ്ങിയാല്‍... (ബക്കറ്റോ, അല്ലാതെയൊ).... എന്റമ്മോ.. പുഷ്ക്കരന്റെ കണ്ണു മഞ്ഞളിക്കുന്നു..

പാര്‍ടിക്കു ചാനലോ... കണ്ണായ സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റോ... എന്തു വേണമെങ്കിലും ആകാമല്ലോ ?

ഐ ടി മേഖലയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികള്‍ക്കു ഹ്യുമന്‍ റിസോര്‍സ്‌ ഡിപ്പാര്‍ട്മെന്റുകളുണ്ട്‌.. ആളുകള്‍ ആണു തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആസ്തി എന്നും അവര്‍ മനസ്സിലാക്കുന്നു.

പുഷ്ക്കരന്റെ അഭിപ്രായത്തില്‍ ട്രേഡ്‌ യൂണിയനുകളില്‍ നേതാവു ചമഞ്ഞിരിക്കാന്‍ അതാത്‌ കമ്പനികളിലെ തൊഴിലാളികള്‍ അല്ലാത്തവരെ അനുവദിക്കുന്നതാണ്‌ നമ്മുടെ ഏറ്റവും വലിയ കുഴപ്പം. പ്രശ്നങ്ങള്‍ ഒന്നുമ്മില്ലാതായാല്‍ ഈ ഇത്തിള്‍കണ്ണികള്‍ക്കു കഞ്ഞികുടി മുട്ടുമല്ലോ ? അതുകോണ്ട്‌ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ നേതാക്കള്‍ അനുവദിക്കില്ല.

പാവം തൊഴിലാളി...