പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, February 25, 2007

ദൈവത്തിന്റെ സ്വന്തം നാട്‌ !

അങ്ങനെ ഒരു കുമ്പസാരവും ക്ഷമാപണനാടകവും ഒക്കെ കഴിഞ്ഞ്‌ ഏ ഡി ബി വായ്പ വാങ്ങാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. പണ്ടു ഇതേ ഏ ഡി ബിയുടെ പേരു പറഞ്ഞ്‌ വഴിതടയലും അക്രമവും ഒക്കെ നടത്തിയ വിപ്ലവയുവത്വം ഇപ്പോള്‍ ഹൈബര്‍നേഷനില്‍. ഇതൊക്കെ ചോദിക്കാന്‍ ബാദ്ധ്യസ്ഥരെന്ന് പുഷ്ക്കരന്‍ വിചാരിച്ചിരുന്ന പ്രതിപക്ഷത്തെ ഖദറുകാര്‍ ഒളിവിലും. കൊള്ളാം.... എല്ലാരും കൂടെ നാടകം കളിച്ച്‌ മലയാളികളെ പുഷ്ക്കരന്മാരാക്കുന്നതു കാണാന്‍ നല്ല ചേലുണ്ട്‌..... പുഷ്ക്കരന്‍ ഒന്നു ആര്‍ത്ത്‌ ചിരിക്കട്ടെ.....

അല്ലാ, ഈ അബദ്ധങ്ങള്‍ കാണിക്കുന്നതും പിന്നെ ഒരു മാപ്പു പറഞ്ഞ്‌ എല്ലാം കോംപ്രമൈസ്‌ ആക്കുന്നതിലും കമ്മ്യുണിസ്റ്റുക്കാര്‍ക്കുള്ള വൈദഗദ്ധ്യം മറ്റാര്‍ക്കുമില്ല. ട്രാക്ടറിനോടും കമ്പ്യുട്ടറിനോടും പ്ലസ്‌ ടൂവിനോടും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനോടും ഒക്കെ മാപ്പു ചോദിക്കുന്നത്‌ നമ്മള്‍ കണ്ടുകഴിഞ്ഞല്ലോ ?

പണ്ട്‌ പ്രതിപക്ഷത്തായിരുന്നപ്പ്പ്പോള്‍ വാതോരാതെ പ്രസംഗിച്ച ചില കാര്യങ്ങളെ കുറിച്ചു പുഷ്ക്കരന്‌ കേരളത്തിലെ മിമിക്രിക്കാരന്‍ മുഖ്യമന്ത്രിയോടു ചോദിക്കണമെന്നുണ്ട്‌. പുഷ്ക്കരന്റെ ഒരു മാദ്ധ്യമസുഹൃത്തു പറഞ്ഞത്‌ മുഖ്യനോടു ഇപ്പോള്‍ എന്തു ചോദിച്ചാലും അദ്ദേഹം ചോദ്യകര്‍ത്താവിനെ കടിച്ചുകീറാന്‍ വരുമെന്നാണ്‌. അല്ലെങ്കിലും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നത്‌ ചിലരുടെയൊക്കെ ജന്മാവകാശമാണ്‌. തോക്കു കൊണ്ടു നടക്കുന്നതുപോലെ....

ഇപ്പോഴത്തെ പ്രതിപക്ഷത്തിനെക്കുറിച്ച്‌ ഒന്നും പറയാതെ ഇരിക്കുന്നതാണ്‌ നല്ലത്‌. എന്തെങ്കിലും പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലെ പുഷ്ക്കരന്മാര്‍ ഞങ്ങളെ വീണ്ടും അധികാരത്തിലേറ്റും. പിന്നെന്തിനാ ഇപ്പോള്‍ വെറുതെ മേലനങ്ങി പണിയെടുക്കുന്നത്‌ ? ഇതാ അവരുടെ ലൈന്‍ ...

ഇടതും വലതുമല്ലാതെ ഒരു ആള്‍ട്ടര്‍നേറ്റീവ്‌ ഇല്ലാത്തത്‌ അവര്‍ക്ക്‌ സൗകര്യം.

Thursday, February 22, 2007

പലവക

പിണറായിയുടെ ബാഗില്‍ ഉണ്ടകണ്ടെത്തിയതാണു കഴിഞ്ഞയാഴ്ചത്തെ പ്രധാന വാര്‍ത്ത. കിട്ടിയ അവസരം പാഴാക്കാതെ ദൃശ്യ, പത്രമാദ്ധ്യമങ്ങള്‍ ഒക്കെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കി. വെള്ളപൂശേണ്ടവരെ വെള്ളപൂശിയും കരിവാരിതേക്കേണ്ടവരെ കരിവാരിത്തേച്ചും അവര്‍ തങ്ങളുടെ കൂറ്‌ അറിയിച്ചു. ഒടുവില്‍ പഴി തിരുവനന്തപുരം വിമാനത്താവളത്തിലെ എക്സ്‌-റേ യന്ത്രത്തിന്‌. പാവം യന്ത്രം. അതിനു ട്രേഡു യൂണിയനും പ്രത്യയശാസ്ത്രവുമില്ലല്ലൊ.

പുഷ്കരനു ഉണ്ടായ സംശയം മറ്റൊന്നാണ്‌. പിണറായിയുടെ ഉദ്ദേശ്യശുദ്ധി അധികൃതര്‍ക്കു ബോധ്യപ്പെട്ടതു കൊണ്ടു ഇനി കേസും വഴക്കും ഒന്നും വേണ്ടെന്നു വെച്ചു. ഒരു സാധാരണക്കാരനു ഈ ജനാധിപത്യത്തില്‍ ഇങ്ങനെ ഒരു സൗകര്യം കിട്ടുമോ ?

ജോര്‍ജ്ജ്‌ ഓര്‍വെല്‍ 'ദി അനിമല്‍ ഫാമില്‍' പറഞ്ഞപോലെ ചില മൃഗങ്ങള്‍ക്കു കൂടുതല്‍ തുല്ല്യത ഉണ്ട്‌. കണിച്ചുകുളങ്ങര കേസിലെ മൃഗം സജുവിനുള്‍പ്പടെ.

കേരളസര്‍ക്കാരിന്റെ സിനിമ അവാര്‍ഡ്‌ പ്രഖ്യാപ്പിച്ചു - മികച്ച സംവിധായകന്‍ - ലെനിന്‍ രാജേന്ദ്രന്‍. പുഷ്കരന്റെ കമന്റ്‌ - "ആ പേരിനു തന്നെ കൊടുക്കണം ഒരു അവാര്‍ഡ്‌". ഇപ്പോള്‍ (അടുത്ത നാലുവര്‍ഷത്തിനുള്ളില്‍) അവാര്‍ഡ്‌ കിട്ടാനുള്ള ഫോര്‍മുല കിട്ടിയെന്നു പറഞ്ഞ്‌ പുഷ്കരന്‍ ത്രില്ലിലാണു.
സിനിമാപ്രേമികള്‍ ജാഗ്രതൈ !