പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Saturday, July 14, 2007

പനി പരത്തും വൈറസെ ജാഗ്രതൈ ! യു. ഡി. എഫ്‌ ഹര്‍ത്താലുമായി വരുന്നു....

പനി നിയന്ത്രിക്കാന്‍ പട്ടാളം ഇറങ്ങിയ നാട്ടില്‍, ചൊവ്വാഴ്ച പനിക്കെതിരെ ഹര്‍ത്താല്‍. ഭേഷ്‌ ! ഹര്‍ത്താല്‍ കൊണ്ടു പനി എങ്ങനെ നിയന്ത്രിക്കാം എന്നു വ്യക്തമാക്കേണ്ട ബാദ്ധ്യത കൂടി യു. ഡി. എഫിലെ നേതാക്കന്മാര്‍ക്കുണ്ട്‌. അഴിമതി ആരോപണങ്ങള്‍ ഒരുപാടുണ്ടായപ്പോളും ഇവര്‍ മൗനത്തിലായിരുന്നു. കാരണം ഇതിനപ്പുറത്തെ വൃത്തികേടുകള്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ കാണിച്ചിട്ടുള്ളവരല്ലെ.. വല്ലതും പ്രതികരിച്ചാല്‍ മാര്‍ക്സിസ്റ്റുകാര്‍ അതെല്ലാം വീണ്ടും പുറത്തെടുത്താലോ ?
പനി വൈറസിനെതിരെ ഹര്‍ത്താല്‍ പോലത്തെ ലൊട്ടൂലൊടുക്കു പരിപാടിയുമായി വന്നാല്‍ വലിയ നഷ്ടമില്ലല്ലോ ... നാണമില്ലല്ലോ സാറന്മാരെ ?? നിങ്ങള്‍ ഒക്കെ ഖദര്‍ അഴിച്ചുമാറ്റി വല്ല വാഴക്കൃഷിക്കും പോകുന്നതാണു നാടിനു നല്ലത്‌.

ഹര്‍ത്താലിനും ബന്ദിനുമെതിരെ നിരാഹാരം കിടന്ന എം. എം. ഹസ്സന്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തന്നെയില്ലെ ?

കോണ്‍ഗ്രസ്സിനുമില്ലെ കുറെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍. ഹര്‍ത്താല്‍ നടത്തുന്നതിനു പകരം ഇവരെയൊക്കെ കൂട്ടി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പ്‌ നടത്തികൂടെ ? പനി പിടിച്ച പൊതുജനത്തിനെ ഹര്‍ത്താലും കൊണ്ടു ബുദ്ധിമുട്ടിക്കുന്നതിലും ഭേദം അതല്ലെ ?

വൈകി അറിഞ്ഞത്‌: ഹര്‍ത്താല്‍ ബുധനാഴ്ചയാണത്രെ. സന്ദേശം സിനിമയില്‍ പറയുന്നപോലെ ചൊവ്വാഴ്ച എതെങ്കിലും നേതാക്കന്മാരുടെ മക്കളുടെ കല്ല്യാണമോ, കൊച്ചുമക്കളുടെ മാമോദീസയോ കാണും. അല്ലാതെന്ത്‌ ?