പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Thursday, March 22, 2007

ഏഷ്യാനെറ്റ്‌ "ഉഛാരണ"ശുദ്ധിയുള്ള അവതാരകരെ തേടുന്നു

കഴിഞ്ഞ രണ്ടു ദിവസമായി ഏഷ്യാനെറ്റില്‍ കാണുന്ന ഒരു പരസ്യത്തിലാണ്‌ ഇങ്ങനെ ഒരു വാചകം പുഷ്ക്കരന്‍ കേട്ടത്‌. അല്ലെങ്കിലും മലയാളത്തിനെ വധിക്കുന്ന അവതാരകര്‍ നമുക്കു ഒരു പുതുമയല്ലാതായിരിക്കുന്നു. കൂട്ടത്തില്‍ പറയട്ടെ, ഇംഗ്ലീഷില്‍ സംസാരിക്കുന്ന അവതാരകരുടെയും പ്രകടനം വലിയ കഷ്ടം തന്നെ.

എങ്കിലും അവതാരകരെ തേടുന്ന പരസ്യമെങ്കിലും നല്ല മലയാളം സംസാരിക്കുന്നവരെ ഉപയോഗിച്ച്‌ ഡബ്ബ്‌ ചെയ്തിരുന്നെങ്കില്‍ എന്ന് പുഷ്ക്കരന്‍ ആശിച്ചുപോകുന്നു.

അപ്പോള്‍, നല്ല "വിധ്യാഭ്യാസ" യോഗ്യതയുള്ള "ഉഛാരണ"ശുദ്ധിയുള്ള പെണ്‍കുട്ടികളെ, ഓടിചെല്ലൂ. ഏഷ്യാനെറ്റില്‍ അവതാരകരാകാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നു.

Friday, March 16, 2007

നന്ദിഗ്രാമും മുത്തങ്ങയും

നന്ദിഗ്രാം വെടിവെയ്പ്പ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ടിയ്ക്കു വലിയ ക്ഷീണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. സാധാരണ ഇതുപോലെ ഒരു പോലീസ്‌ അതിക്രമത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചും തെരുവുനാടകം കളിച്ചും പാവം ജനങ്ങളെ കൊണ്ടു തെരുവുയുദ്ധം നടത്തിയും ഇഷ്യു ലൈവ്‌ ആക്കി നിര്‍ത്താനുള്ള സാമര്‍ത്ഥ്യമൊന്നും ഇപ്പോള്‍ കാണുന്നില്ല. വെടിവെച്ചത്‌ ഞങ്ങളുടെ പോലീസ്‌ ആയിപോയില്ലേ ? . അപ്പോള്‍ പിന്നെ സ്ഥിരം മാര്‍ക്സിസ്റ്റ്‌ ലൈനായ "ഉത്തരം മുട്ടുമ്പോള്‍ ചൂടാകുക" എന്നതു തന്നെ രക്ഷ.

ഇന്നലെ സീതാറം യെച്ചൂരിയുടെ ടി.വിയിലെ പ്രകടനം കണ്ടപ്പോള്‍ പുഷ്ക്കരനു കഷ്ടം തോന്നി. കേരളത്തിലെ നേതാക്കള്‍ക്കും സോ-കോള്‍ഡ്‌ സാംസ്കാരിക വീരന്മാര്‍ക്കും കുറച്ചുകാലം ഇനി മൗനമായിരിക്കും.

പുഷ്ക്കരന്‍ ഓര്‍ത്തുപോകുന്നത്‌ 2003-ലെ മുത്തങ്ങ വെടിവെയ്പ്പാണ്‌. എന്തായിരുന്നു പുകില്‌ ? ആദിവാസികളെ ഓടിച്ചിട്ട്‌ അടിക്കുന്ന പോലീസിന്റെ വിഷ്വല്‍സ്‌ കൊണ്ടു ആഘോഷിക്കുകയായിരുന്നില്ലെ കൈരളി ചാനല്‍. നിയമവിരുദ്ധമായിട്ടു വനഭൂമി കൈയേറിയതിന്‌ 'റൂള്‍ ഓഫ്‌ ലോ' പുനസ്ഥാപിക്കാന്‍ തന്നെ അല്ലെ അന്നത്തെ പോലീസ്‌ ആക്ഷനും.

ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെടുമ്പോള്‍ എന്തിനാ മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക്‌ ഈ ഇരട്ടത്താപ്പ്‌ ?
ഇങ്ങനെ ഒക്കെ ആണെങ്കിലും സ്റ്റഡി ക്ലാസ്സും ദേശഭിമാനിയിലെ രണ്ടു ലേഖനപരമ്പരയും കഴിയുമ്പോള്‍ പുഷ്ക്കരന്മാര്‍ ഈ ഇരട്ടത്താപ്പും നയമാണെന്നു പാടി നടക്കും. അതു പാര്‍ട്ടിയുടെ തലവന്മാര്‍ക്കു അറിയാം.

അല്ലാ, ശ്രീ. കെ. ഇ. എന്‍ ഈ സംഭവത്തെക്കുറിച്ചു എന്തു പറയുമെന്നറിയാന്‍ പുഷ്ക്കരന്‌ ആഗ്രഹമുണ്ട്‌. ഇതും ഒരു ന്യൂനപക്ഷപീഡനമല്ലെ സര്‍ ?