പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Sunday, May 27, 2007

പിതാക്കളും പുത്രന്മാരും

തന്നേയും, പിണറായിയെയും പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന് പുറത്താക്കിയ നടപടി, തെറ്റ്‌ ചെയ്യുമ്പോള്‍ അച്ഛന്‍ മകന്റെ ചെവിക്കു പിടിക്കുന്നതുപോലെ എന്ന് സഖാവ്‌ വി എസ്സ്‌. പുഷ്ക്കരനു തോന്നിയത്‌ മറ്റൊന്നാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പിളര്‍പ്പിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ജനനത്തിലുമെല്ലാം പങ്കാളിയായ വി. എസ്സിനെ പാര്‍ട്ടി ചെവിക്കു പിടിക്കുമ്പോള്‍ , ഒരു മാതിരി മകന്‍ അച്ഛനെ താക്കീതു ചെയ്യുന്നത്‌ പോലെ. ശരിക്കു പറഞ്ഞാല്‍ , ഇഷ്ടം സിനിമയില്‍ ദിലീപിന്റെ കഥാപാത്രം അച്ഛനോട്‌ പറയുന്നതുപോലെ, മക്കളാകുമ്പോള്‍ അച്ഛന്മാരെ ശാസിക്കും തല്ലും, അതൊക്കെ അവരുടെ നന്മയ്ക്കു വേണ്ടിയാണ്‌. അത്രെയെ ഉള്ളൂ സഖാക്കളെ ഇതും.

പിന്നെ നാണമില്ലാത്തവരുടെ എവിടെയൊ ആല്‍ കിളിര്‍ത്താല്‍ അതും തണല്‍ എന്ന മട്ടില്‍ ഇനി കുറച്ചുകാലം പ്രസംഗിച്ചു നടക്കാം രണ്ടു പേര്‍ക്കും ചേര്‍ന്ന്. അതു കേട്ടു തലയറഞ്ഞ്‌ ചിരിക്കാനും കൈകൊട്ടാനും അണികള്‍ക്കാണോ പഞ്ഞം ?

അച്ഛന്‍ ഇങ്ങനെയെങ്കില്‍ മകന്‍ കുറയ്ക്കണൊ? മകനു മോഹം ഡോക്ടറേറ്റ്‌ എടുക്കാന്‍. അതിനു അച്ഛന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അഞ്ചു വര്‍ഷത്തിനേക്കാളും ഒരു സുവര്‍ണ്ണകാലമുണ്ടോ ? പിന്നെ അദ്ധ്യാപന പരിചയം, അതൊക്കെ ഇങ്ങനെ പരിശോധിക്കാനുണ്ടോ ?

ഇപ്പോള്‍ മകന്‍ പറയുന്നത്‌ തനിക്കു ഓണ്‍ലൈന്‍ വഴി കുട്ടികളെ പഠിപ്പിച്ച്‌ പരിചയമുണ്ടെന്നാണ്‌. ഭഗവാനെ.... !! എന്തരെല്ലാം കേട്ടാല്‍ ഉയിരെടുത്തൂടും ... ?

ആളുകള്‍ തന്റെ മകനെ അനാവശ്യമായി വേട്ടയാടുന്നു എന്നു അച്ഛന്റെ പരിഭവം... അപ്പോള്‍ സഖാവെ അവരുടെ വായടക്കാന്‍, മകന്‍ നെറ്റ്‌ പരീക്ഷ പാസായി അന്തസ്സായി ഗവേഷണത്തിനു ചേരുകയല്ലെ വേണ്ടത്‌ ?

ഇദ്ദേഹത്തിനു പരീക്ഷ എഴുതാന്‍ വേണ്ടിയല്ലെ പണ്ടു കൊല്ലം ജില്ലയില്‍ ഒഴികെ വിദ്യാഭ്യാസ ബന്ദ്‌ നടത്തി എസ്‌. എഫ്‌. ഐ ചരിത്രം സൃഷ്ടിച്ചത്‌ ? ആ മിടുക്കനു ഈ നെറ്റ്‌ പാസാകല്‍ ഒരു വിഷയം ആകുമോ ?