പുഷ്ക്കരന്റെ ലോകം

പലതും അറിയുമ്പോള്‍ പ്രതികരിക്കണം എന്നു തോന്നും. പിന്നെ വിചാരിക്കും, എന്തിന്‌? ഞാന്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞിട്ട്‌ എന്താകാന്‍ ? അങ്ങനെ ഒരുപാടു അടക്കിവെയ്ക്കുമ്പോളും ചിലപ്പോള്‍ ഒക്കെ ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കും. അപ്പോളാണു ഈ ബ്ലോഗില്‍ ഒരു പുതിയ ഏട്‌ ഉണ്ടാകുന്നത്‌.

Friday, June 29, 2007

ലോട്ടറിയടിച്ച "ദേശാഭിമാനി" !

പുഷ്ക്കരനു വിഷമമുണ്ട്‌. കൈവശം കുറച്ചു രൂപ ഉണ്ടായിരുന്നെങ്കില്‍ ദേശാഭിമാനിയില്‍ ബോണ്ടായി നിക്ഷേപിക്കാമായിരുന്നു. നല്ല പലിശ തരാമെന്നാണ്‌ ഇ, പി ജയരാജന്‍ സാര്‍ പറയുന്നത്‌. പലരുടെയും കൈയ്യില്‍ നിന്ന് വാങ്ങിയിട്ടുമുണ്ട്‌. ദേശാഭിമാനി വലിയ സാമ്പത്തിക പ്രയാസത്തിലാണത്രെ. ഇതു പുഷ്ക്കരനു ദുഖകരമായ ഒരു വാര്‍ത്തയാണ്‌. കാരണം പ്രഭാതത്തില്‍ ദേശാഭിമാനിയില്‍ തുടങ്ങുന്നു പുഷ്ക്കരന്റെ ദിനചര്യ. അങ്ങനെയുള്ള പത്രം സാമ്പത്തികപ്രശ്നങ്ങള്‍ കൊണ്ട്‌ നിന്നുപോകുന്ന ഒരു അവസ്ഥ വന്നാലോ ? ചിന്തിക്കാന്‍ വയ്യ.

ഇങ്ങനെ കാശു വാങ്ങിയും ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തിയും (പിണറായി മുതല്‍ സ്വരാജ്‌ വരെ) എന്തിനും ഏതിനും ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞും ഒരു പാര്‍ട്ടി ഭരിച്ചു മുടിക്കുമ്പോള്‍ വേറൊരു കൂട്ടര്‍ ( അവര്‍ക്കു നട്ടെല്ലിനു പകരം വാഴപ്പിണ്ടി ആണോ എന്തോ? ) ഉറക്കം നടിക്കുന്നു.

എത്രയൊക്കെ പറഞ്ഞാലും സ്റ്റഡി ക്ലാസ്സിനു പോകുന്ന വിനീത വിധേയര്‍ക്കു തിരുവായ്ക്‌ എതിര്‍വായില്ലല്ലോ ? ബൂലോകത്തില്‍ പോലും....

കേഴുക പ്രിയനാടേ......

Saturday, June 23, 2007

മലയാളത്തിനെ കൊല്ലാന്‍ പുതിയ ഒരു അവതാരം

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ബാംഗ്ലൂര്‍ എഡിഷന്‍ മലയാള മനോരമയില്‍ വന്ന രണ്ടു പരസ്യങ്ങളാണിവ. ഭീമ സ്വര്‍ണ്ണക്കടയുടെ പുതിയ ശാഖ ബാംഗ്ലൂരിലെ കോറമംഗലയില്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇറങ്ങിയ സീരിസിലെ രണ്ടു പരസ്യങ്ങള്‍. ഇംഗ്ലീഷില്‍ എഴുതിയ തലവാചകങ്ങള്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ഇങ്ങനെയും ഭാഷയെ കൊന്നു കൊലവിളിക്കണോ ?

പുഷ്ക്കരന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഇതെഴുതിയവനെ നേരിട്ട്‌ കണ്ടിരുന്നെങ്കില്‍ ......

Saturday, June 09, 2007

കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ ...

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍ ആരാധനാലയങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍, സ്മാരകങ്ങള്‍ എന്നിവ ഒഴിപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. - ഇന്നത്തെ പത്ര വാര്‍ത്ത

ബലെ ഭേഷ്‌ .... ഇതാണ്‌ വേണ്ടിയിരുന്നത്‌. ഈ നിര്‍ദ്ദേശം ഒരല്‍പം താമസിച്ചില്ലെ എന്നു മാത്രമെ പുഷ്ക്കരനു സംശയമുള്ളൂ..

രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളും ഒഴിപ്പിക്കരുതെന്ന് ഒരു നിര്‍ദേശം വാക്കാലും കൊടുത്തു കാണും.... ഇല്ലെങ്കിലെ അത്ഭുതമുള്ളൂ... ഒരു കൂട്ടുകക്ഷി ഭരണം ആകുമ്പോള്‍ അല്‍പസ്വല്‍പം വിട്ടൂവീഴ്ചകള്‍ വേണ്ടിവരും എന്ന് അഭിജ്ഞമതം.

ഇപ്പോള്‍ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ എന്തു വ്യത്യാസം സാറെ ?? പുഷ്ക്കരന്‍ അറിയാനായി ചോദിക്കുകയാണ്‌.

സുരേഷ്‌ സാറെ, രാജു സാറെ, ഋഷിരാജ്‌ സാറെ, നാട്ടിലെ ചൂടു കുറഞ്ഞു. മഴ തുടങ്ങി. ഇനി മൂന്നാറില്‍ നിന്ന് മടങ്ങാം...

പൊതുജനം പുഷ്ക്കരന്‍....

Thursday, June 07, 2007

സ്മാര്‍ട്ട്‌ സിറ്റിയും സ്മാര്‍ട്ട്‌ ബുദ്ധിയും

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ട്‌ എല്ലാവരും സ്മാര്‍ട്ടായി നടക്കുന്നത്‌ കണ്ടപ്പോള്‍ പുഷ്ക്കരന്‌ എന്തെന്നില്ലാത്ത സന്തോഷം. അങ്ങനെയെങ്കിലും സ്വാശ്രയവും നിരാശ്രയവുമൊക്കെയായി എഞ്ചീനീയറിംഗ്‌ അഭ്യാസം കഴിഞ്ഞിറങ്ങുന്ന യുവജനങ്ങള്‍ക്ക്‌ കേരളത്തില്‍ തന്നെ ഒരു ജോലി സാദ്ധ്യത ഉണ്ടായല്ലോ....


ഇന്ന് ശ്രീമാന്‍ ലീഡറുടെ ഒരു പ്രസ്താവന കണ്ടപ്പോളാണ്‌ സ്മാര്‍ട്ട്‌ സിറ്റിക്കു ഇങ്ങനെയുമൊരു ഗുട്ടന്‍സുണ്ടെന്നു മനസ്സിലായത്‌. ലീഡറുടെ കമന്റ്‌ ഇങ്ങനെ "സ്മാര്‍ട്ട്‌ സിറ്റിയില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ കേരളീയര്‍ക്കു മാത്രം എന്ന വ്യവസ്ഥ ഇല്ല".

കൊച്ചിയില്‍ വരുന്ന മൈക്രോസോഫ്റ്റിലും, ഐ. ബി. എമ്മിലും ഒക്കെ മലയാളികള്‍ മാത്രം പണിയെടുക്കാവൂ എന്ന അവസ്ഥ ഉണ്ടെങ്കില്‍ ഇവര്‍ കൊച്ചിയില്‍ വരുമെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ കരുതുന്ന "സുന്ദര വിഡ്ഢികള്‍ക്കു" പുഷ്കരന്‍ പിണറായി സ്റ്റൈല്‍ ഒരു നല്ല നമസ്കാരം പറയുന്നു.... (പുഷ്കരനു ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ശൈലിയാണ്‌ ഇത്‌... സ്ഥാനത്തും അസ്ഥാനത്തും ഒക്കെ കയറി അങ്ങു പ്രയോഗിക്കും.... )

ഇങ്ങനെ ഒരു നിബന്ധന മറ്റ്‌ സംസ്ഥാനങ്ങള്‍ വെച്ചാല്‍ ബാംഗ്ലൂരില്‍നിന്നും ഹൈദരാബാദില്‍ നിന്നും ഒക്കെ ഒരു പലായനം തന്നെ ഉണ്ടാകും, മലയാളികളുടെ....

പുഷ്ക്കരന്‍ നോക്കുമ്പോള്‍ ഇതില്‍ ഒരു ചെറിയ കുനഷ്ട്‌ ആണു കാണുന്നത്‌. ഇത്തരം ഒരു നിബന്ധനയുടെ വ്യര്‍ഥത മനസ്സിലാകത്തവരായി നമ്മുടെ ഒരു രാഷ്ട്രീയക്കാരനോ യുവജന സംഘടനയോ കാണില്ല്ല. പക്ഷെ ആരും ഇപ്പോള്‍ ഇതു തുറന്നു പറയില്ല. കുറെ കാലം കഴിയുമ്പോള്‍ തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ ഇറക്കി സമരം ചെയ്യാനും കുറെ വണ്ടി തല്ലിപ്പോളിക്കാനും പറ്റിയ ഒരു വിഷയമല്ലെ... വെറുതെ ഇപ്പോഴെ ആ സാദ്ധ്യത കളയുന്നതെന്തിന്‌ ?